Tuesday, February 14, 2012

ഒരു വടക്കന്‍ വീരഗാഥയും ഞാനും പിന്നെ ഉമ്മയും.


ആറിലോ അതോ ഏഴിലോ എന്നോ ഓര്‍മ്മയില്ല ...രണ്ടിലൊന്നില്‍ പഠിക്കുന്ന കാലംഉസ്കൂളിലും നാട്ടിലുമുള്ള കൂട്ടുകാര്‍ കണ്ട സിനിമകളുടെ വിവരണം കേട്ട് സിനിമ ഒരു പ്രാന്തായി മാറിയ കാലം.

അവിടെ തുടങ്ങി എന്റെ ത്യാഗത്തിന്റെ കഥ... സ്കൂള്‍ ദിവസങ്ങളില്‍ ചായ കുടിക്കാന്‍ തരുന്ന നാണയ തുട്ടുകള്‍ ചായപ്പീടിക കണ്ടില്ലശനിയാഴ്ച വരെ എന്റെ ഇന്സ്ട്രുമെന്റ് ബോക്സില്‍ അടക്കപ്പെടാനായിരുന്നു അതുങ്ങളുടെ ജോഗം. ഉച്ചപട്ടിണി കിടന്നും അണ്ടിയും ചുണ്ട്മണിയും (കുരുമുളക് വള്ളിയുടെ ചോട്ടില്‍ വീണു കിടക്കുന്ന കുരുമുളക് മണികള്‍......, ആരോ ഉണ്ടാക്കിയ അലിഘിത നിയമം അനുസരിച്ച് അത് പെറുക്കി എടുക്കുന്നവനു സ്വന്തം) വിറ്റു ഞാന്‍ സംബാധിക്കുന്ന കാശിനു ശനി ഞായര്‍ ദിവസങ്ങള്‍ വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.

വീട്ടിലെ കണക്കനുസരിച്ച് ശനിയും ഞായറും മദ്രസ് കഴിഞ്ഞാല്‍ ഞാന്‍ എത്തേണ്ടത് ക്ലാസ്സിക്‌ ടൂട്ടോറിയല്‍ കോളേജിലാണ്പക്ഷെ പലപ്പോഴും എത്തിപ്പെട്ടത്  മൊകേരി നിര്മലതൊട്ടില്പ്പാലം ബിന്ദുകക്കട്ടില്‍ അമൃത ആന്ഡ്‌ ലീലപേരാംബ്ര  വര് മേഘ എന്നിവിടങ്ങളിലൊക്കെ യായിരുന്നു...അപൂര്‍വമയി കല്ലാച്ചി സുന്ദറിലും വില്ല്യപ്പള്ളി ആരാധനയിലും എടച്ചേരി വീചിയിലും വടകര കീര്‍ത്തി മുദ്ര, ജയഭാരത്, അശോക്‌ , കേരള സ്കൊയര്‍ എന്നിവിടങ്ങളിലൊക്കെയായി എന്റെ ടൂട്ടോറിയാല്‍ പഠിത്തം.

കുറ്റ്യാടിക്കൂടിയുള്ള യാത്ര പരമാവതി ഒഴിവാക്കിയായിരുന്നു ഞങ്ങളുടെ പോക്ക് വരവുകള്‍ ...ഞങ്ങള്‍ എന്ന് പറയുമ്പോ ഞാന്‍, സലിം, നൌഷാദ്, പ്രമോദ്, കാസിം പിന്നെ ചിലപ്പോഴൊക്കെ ജലീലും. വേറെ ഒന്നും കൊണ്ടല്ല  കളി കുറേക്കാലം കളിക്കണമെന്നത്  അക്കാലത്തെ എന്റെ ജീവിതാഭിലഷമായിരുന്നു...അത് കൊണ്ട് പേരാമ്പ്രക്കുള്ള യാത്ര  ഒട്ടേറെ ദുരിതങ്ങള്‍ സഹിച്ചുദൂരങ്ങള്‍ താണ്ടി വലകെട്ട്കേളോത്ത് മുക്ക്ശാന്തിനഗര്‍ വയല്‍ വഴി കുയിമ്പ് വരെ കാല്നട, അവ്ടിന്നു തോണിയില്‍ അക്കരേക്ക്, പിന്നെ ബസ്സില്‍ പേരാമ്പ്രക്ക്തിരിച്ചും അതുവഴി തന്നെകക്കട്ടിലേക്ക് പോയിരുന്നതാവട്ടെ തീക്കുനി വഴി അരൂര്‍ കക്കട്ട്. അന്ന് ബസ്‌ യാത്രക്ക് വെറും പത്ത് പൈസ മതിയായിരുന്നു. സിനിമ കാണിക്കാന്‍ വേണ്ടി സര്‍കാര്‍ ഉണ്ടാക്കിയ ഓരോരോ നിയമങ്ങള്‍.

ഒരിക്കലങ്ങനെ കക്കട്ടില്‍ അമ്രിതയില്‍ നിന്നും സിനിമ വിട്ടിറങ്ങിയ ഞാനും എന്റെ കാരണോന്റെ മോന്‍ ജലീലും  കാഴ്ച കണ്ടു ഞെട്ടിഅവന്റെ ഉപ്പ അമ്രിതയുടെ മുമ്പിലുള്ള ബസ്സ്റ്റോപ്പില്‍ ബസ്‌ കത്ത് നില്ക്കുന്നുഭാഗ്യത്തിന് അങ്ങേര് ഞങ്ങളെ കണ്ടിട്ടില്ലഡബിള്‍ ഭാഗ്യത്തിന് ഒരു ബസ്‌ ഇപ്പുറത്തെ സൈഡിലേക്ക് വന്നു. പിന്നെ ഒരു ഓട്ടമായിരുന്നു...ബസിന്റെ മറപിടിച്ചു മനസ്സ് നിറയെ സിനിമാ പ്രാന്ത് തന്ന ആവേശത്തില്‍ ബസിനൊപ്പം ഞങ്ങള്‍ ഓടി. ബസ്‌ കുറ്റ്യാടി ഭാഗത്തേക്ക് പോയി. ഞങ്ങള്‍ രണ്ടും  സ്പീഡ് കുറക്കാതെ  കൈവേലി  റോഡിലേക്കുള്ള വളവും വളച്ചു ഓടി ഓടി എവിടെയോ എത്തി. അവിടെ നിന്നും നാട്ടുവഴികളിലൂടെ നടന്നു നടന്ന്‍ അരൂര്‍ റോഡിലെത്തി. പിടിക്കാപ്പെടാതിരുന്നത്തിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ രണ്ടും ഓരോ നെടുവീര്‍പ്പ് വിട്ടു. കണ്ടിരുന്നെങ്കില്‍ അന്നത്തോടെ തീര്‍ന്നെനേ ഞങ്ങളുടെ സിനിമാ പ്രാന്തും ടൂട്ടോറിയല്‍ പഠിത്തവും കുന്തവും കൊടച്ചക്രവുമൊക്കെ.

ആറും ഏഴുമൊക്കെ  കഴിഞ്ഞു ഞാന്‍ എട്ടിലെത്തി. പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍, പുതിയ സിനിമാ ചര്‍ച്ചകള്‍, കൂലങ്കഷമായ നിരൂപണങ്ങള്‍... .മദ്രസ പഠനം എന്റെ സിനിമ പ്രാന്തിന് ഒരു തടസ്സമായി നിന്നു. പോരാത്തതിനു  മദ്രസയില്‍ ആറാം ക്ലാസ്സില്‍ തോറ്റത് കൊണ്ട് എങ്ങനെയും ഇതൊന്നൂ നിര്‍ത്തണമെന്ന തീരുമാനത്തില്‍ ഞാന്‍ എത്തി ചേര്‍ന്നു. കുത്തിയിരുന്ന് വഴികള്‍ ആലോചിച്ചു. എന്റെ ചെറിയേ പുത്തിയില്‍ ഒരു ബള്‍ബ്‌ കത്തി. ഉമ്മയുടെ തറവാട്ടില്‍ താമസിക്കാന്‍ പോയ ഒരു ശനിയാഴ്ച. അവിടെ നിന്നും വരുമ്പോ ഒരു തോട് മുറിച്ചു കടന്നു വേണം എന്റെ വീട്ടിലേക്കും മദ്രസയിലെക്കും പോവാന്‍., ഐഡിയ വര്‍ക്ക്‌ ഔട്ട്‌ ആക്കുക തന്നെ..തോട്ടുവരമ്പിലൂടെ നടന്നു ഞാന്‍ തെങ്ങിന്റെ മുറി കൊണ്ട് ഇട്ട പാലത്തില്‍ എത്തി. ആരെങ്കിലും കാണുന്നുണ്ടോ എന്ന് അപ്പുറവും ഇപ്പുറവും നോക്കി. ആരും കാണുന്നില്ലെന്ന്  ഉറപ്പു വരുത്തി ഒറ്റ ചാട്ടം, തോട്ടിലേക്ക്. തോട്ടിലെത്തിയ ഉടനെ മദ്രസ കിത്താബുകള്‍ ഞാന്‍ കൈ വിട്ടു. എന്റെ കിതാബുകള്‍ ഒഴുകി പോകുന്നത് ഒരു പുഞ്ചിരിയോടെ ഞാന്‍ ഒരു കമ്പില്‍ തൂങ്ങി നോക്കി നിന്നു.

കുപ്പായത്തിലും മുണ്ടിലുമൊക്കെ കുറെ കൂടെ ചളി വാരി തേച്ചു ഞാന്‍ തറവാട്ടിലേക്ക് തന്നെ തിരിച്ചു പോയി. ഒരു കള്ളക്കരച്ചിലൂടെ ഞാന്‍ തോട്ടില്‍ വീണതും എന്റെ കിത്താബു ഒലിച്ചു പോയതും ഉമ്മയോടും അമ്മായിമാരോടും വിവരിച്ചു. "ന്‍റെ മോനിക്കൊന്നും പറ്റീല്ലല്ലോ കിതാബൊക്കെ നമ്മക്ക് ആരോടെങ്കിലും പഴേത് വാങ്ങാലോ." ഉമ്മ പറഞ്ഞതും എന്റെ കരച്ചിലിന്റെ ശക്തി കൂടി. "ഓനെന്തിനാ പഴേതാകകുന്നത്, ഓനിക്ക് പുതിയെ തന്നെ വാങ്ങി കൊടുക്കാലോ" അടുത്ത കമന്റ്‌ ചെറിയഅമ്മായീന്റെ വക. രണ്ടിനെയും കടിച്ചു തിന്നാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക്. ഞാന്‍ കടിച്ചു പിടിച്ചു. എന്റെ കഷ്ടപ്പാടൊക്കെ വെറുതെ ആയോ. ഈ നശൂലങ്ങള്‍ ഇനി മോന്‍ മദ്രസില്‍ പോവണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് എത്ര സന്തോഷമാവുമായിരുന്നു. ഒപ്പം എന്റെ അഭിനയം അവര്‍ വിശ്വസിച്ചതിന് ഞാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ നന്ദി പറഞ്ഞു. അവരാണല്ലോ അന്നത്തെയും ഇന്നത്തെയും താരങ്ങള്‍.., ഭാവിയില്‍ ഞാനും ഒരു മമ്മൂട്ടിയും ലാലുമൊക്കെ ആവുന്നത് ഞാന്‍ സ്വപ്നം കണ്ടു. 

പിന്നെ ഉമ്മയെ ബ്രെയിന്‍ വാഷ്‌ ചെയ്യാനായി എന്റെ ശ്രമം. ഹൈസ്കൂള്‍ പഠനവും മദ്രസ പഠനവും ഒന്നിച്ചു കൊണ്ട് പോവുന്നതിന്റെ ബുദ്ധിമുട്ട് പഠന ഭാരത്തിന്റെ എരിവും പുളിയും കലര്‍ത്തി ഉമ്മാക്ക് അവതരിപ്പിച്ചു. അങ്ങനെ ഉമ്മ ഒരു വിധം കണ്‍വിന്‍സ്ട് ആയി. വൈകാതെ എന്റെ മദ്രസ പഠനം നിലച്ചു. ടാകീസുകളില്‍ സിനിമകള്‍ മാറിക്കൊണ്ടിരുന്നു. ഞാന്‍ ഉച്ചപ്പട്ടിണി കിടന്നു കൊണ്ടിരുന്നു. അണ്ടിയും ചുണ്ട്മണിയും പെറുക്കി വിറ്റു കൊണ്ടിരുന്നു. ടാകീസുകളില്‍ എന്റെ വിഹിതം എത്തിച്ചു കൊണ്ടിരുന്നു. 

അങ്ങനെ ഒരു വെള്ളി ആഴ്ച മൊകേരി നിര്‍മലയില്‍ ഇറങ്ങിയിട്ട് അത്രയൊന്നും ആയിട്ടില്ലാത്ത മമ്മൂട്ടി ചന്തുവായിട്ടു തകര്‍ത്തഭിനയിച്ച  'ഒരു വടക്കന്‍ വീരഗാഥ' എന്ന സിനിമ വന്നു. പിറ്റേന്ന് ശനിയാഴ്ച തന്നെ ഞാന്‍ നിര്‍മല ടൂട്ടോറിയലില്‍ ഹാജര്‍......,,, സിനിമ കണ്ടു പുറത്തിറങ്ങി ബീന ഹോട്ടലില്‍ നിന്നും ഒരു അയില പൊരിച്ചതും പൊറോട്ടയും ഒക്കെ അടിച്ചു മാറി കക്കട്ട് തീക്കുനി വഴി വീട്ടില്‍ തിരിച്ചെത്തി. 'ഇന്ദുലേഖ കണ്‍ തുറന്നു' എന്ന പാട്ട് മൂളി ഞാന്‍ വീടിനകത്തേക്ക് കയറി. നേരെ അടുക്കളയിലേക്ക്. "ഉമ്മാ ചായ". ഉമ്മ ചായയും ചോറും ഒരുമിച്ചു തന്നു.

ചോറ് തിന്നുന്നതിനിടയില്‍ ഉമ്മ ചോദിച്ചു. "ഇഞ്ഞി ഇന്ന് മൊകേരി പോയിനോ?" ചോറ് അണ്ണാക്കില്‍ കുടുങ്ങിയ പോലെ.

"മ്ച്..ഞാന്‍ ടൂട്ടോറിയലും വിട്ടു വരുന്നാല്ലേ ഉമ്മാ.."

"ഇഞ്ഞി എന്താ പിന്ന ഇത്ര വൈകിയത് " ഉമ്മയുടെ ചോദ്യ ശരങ്ങള്‍ എന്നെ വീര്‍പ്പു മുട്ടിച്ചു. എവിടെയൊക്കെയോ എനിക്ക് പാളിച്ചകള്‍ സംഭവിച്ച പോലെ..പരിണിത ഫലങ്ങള്‍ ഓര്‍ത്തു നോക്കിയ സ്ഥലത്ത് തന്നെ പിന്നെയും നോക്കി കൊണ്ടിരുന്നു. ഒരു വിധം ചോറ് തിന്നു തീര്‍ത്തു പോയി കൈ കഴുകി തിരിച്ചു വന്ന എനിക്ക് നേരിടേണ്ടി വന്നത് വലിയ കയില്‍ തിരിച്ചു പിടിച്ചു സകല രൌദ്ര ഭാവങ്ങളോടും കൂടി നില്‍ക്കുന്ന ഉമ്മയെ ആയിരുന്നു. 

"പ്ടപ്പ്‌ പ്ടപ്പ്‌ പ്ടപ്പ്‌ പ്ടപ്പ്‌ " ഉമ്മാന്റെ കയ്യിലുള്ള കയില്‍ക്കണ എന്റെ ചന്തിയില്‍ ആഞ്ഞു പതിച്ചു കൊണ്ടിരുന്നു. കണ്ണില്‍ നിന്നും പൊന്നീച്ചയും കാതില്‍ നിന്ന് കിളിയും പറന്നു പോയതിനാല്‍ എണ്ണാന്‍ പറ്റിയില്ല. കണ്ടു കൊണ്ടിരുന്ന കുഞ്ഞനുജത്തി ഉമ്മയെ വാവിട്ടു കരഞ്ഞു കൊണ്ട് വട്ടം പിടിച്ചു. അവളുടെ ഇടപെടലില്‍ ഉമ്മ അടി നിര്‍ത്തി. ഞാന്‍ വലിയ വായില്‍ കരഞ്ഞു കൊണ്ട് എന്റെ മുറിയില്‍ കയറി വാതിലടച്ചു. 

കുറച്ചു കഴിഞ്ഞു ഉമ്മ എന്നെ സോപ്പിടാന്‍ വന്നു. ഈ കാര്യം ഉപ്പ  അറിഞ്ഞാലുള്ള ഭവിഷ്യതിനെ പറ്റിയും സിനിമയുടെ ദോഷങ്ങളെ പറ്റിയും ഒക്കെ പറഞ്ഞു. അവസാനം ഉമ്മ എന്നെക്കൊണ്ട് ഉമ്മയുടെ തലയില്‍ കൈ വെച്ച് ഇനി ഞാന്‍ സിനിമക്ക് പോവില്ലെന്ന് സത്യം ചെയ്യിച്ചു. ആരാണ് നിങ്ങളോട് ഇത് പറഞ്ഞതെന്ന എന്റെ ചോദ്യത്തിന് "അത് നീ അറിയണ്ട" എന്ന് പറഞ്ഞു. പിന്നീട് ഞാന്‍ ആളെ കണ്ടു പിടിച്ചു. എന്റെ അയല്‍പക്കത്തെ കുരുപ്പിന്റ്യാടത്തെ ദേവി ആയിരുന്നു ആ വഞ്ചകി. സിനിമക്ക് അവളും ഉണ്ടായിരുന്നു പോലും. അവള്‍ തിരിച്ചു വരുന്ന വഴി ഉമ്മ തോട്ടില്‍ നിന്നും അലക്കുന്നത് കണ്ടു എന്നെ സിനിമാ ടാല്കീസില്‍ കണ്ട കാര്യം അവള്‍ ഉമ്മയെ അറിയിച്ചു. 

അങ്ങനെ ഉമ്മയുടെ തല ഓര്‍ത്തു അടുത്ത രണ്ടു മൂന്നു ആഴ്ചകള്‍ ഞാന്‍ സിനിമക്ക് പോയില്ല. പിന്നെ ഞാന്‍ ഉമ്മയുടെ തല മറന്നു.  ടാകീസുകളില്‍ സിനിമകള്‍ മാറിക്കൊണ്ടിരുന്നു. ഞാന്‍ ഉച്ചപ്പട്ടിണി കിടന്നു കൊണ്ടിരുന്നു. അണ്ടിയും ചുണ്ട്മണിയും പെറുക്കി വിറ്റു  കൊണ്ടിരുന്നു. ടാകീസുകളില്‍ എന്റെ വിഹിതം മുടങ്ങാതെ എത്തിച്ചു കൊണ്ടിരുന്നു.  

Monday, January 16, 2012

മാസങ്ങള്‍ പറഞ്ഞത്‌.

മാര്‍ച്ചിലെ ചൂടില്‍
നീ എന്നെ നോക്കി ചിരിച്ചു...
ജൂലായിയില്‍ പെയ്ത മഴയില്‍
ഞാന്‍ നിന്റെ കുടക്കീഴില്‍ കയറി നിന്നു...
മഞ്ഞു പെയ്തിറങ്ങിയ
ഡിസംബറിലെ തണുപ്പില്‍
ഞാനും നീയും വാരിപ്പുണര്‍ന്നു...
ഒടുവില്‍ നിന്നെ കാണുമ്പോള്‍
നിന്റെ വയര്‍ വീര്‍ത്തിരുന്നു.

Friday, January 6, 2012

അവന്‍ വരുന്നു...


അടയാളങ്ങള്‍
വെച്ച് കുത്തി കീറിയ കാല്‍വിരലുകളും
ബട്ടന്‍സ് ഇല്ലാത്ത ട്രൌസറും
പിന്നെ മേല് നിറച്ചും കലകളും
അവന്റെ അടയാളങ്ങള്‍...

ആയുധങ്ങള്‍
കൊടകമ്പിയും കുപ്പിച്ചില്ലും
ആരും കാണാതെ
അടുപ്പിന്‍ തിണ്ണയില്‍ നിന്നും
കവര്‍ന്നെടുത്ത തീപ്പെട്ടിയും
അവന്‍റെ ആയുധങ്ങള്‍...

ഇഷ്ട ഭക്ഷണം
നാട്ടുമാവിലെ മാങ്ങയും
കല്ലുംപുറത്തെ വരിക്ക പ്ലാവിന്റെ ചക്കയും
മുള്ളിന്‍ കൂട്ടത്തിലെ നുള്ളിക്കയും
അവന്‍റെ ഇഷ്ട വിഭവങ്ങള്‍...

ഇഷ്ടവിഷയം
ഉന്ത്‌ തല്ല് വഴക്ക്‌ വക്കാണം
അടി പിടി കാക്കവധം
കോഴിപാച്ചല്‍ പട്ടിയേര്‍
മീനൂറ്റ്‌ ആട്ദ്രോഹം
അലമ്പ് അവുലോസുണ്ട
ഹലാക്കിന്‍റെ അവിലും കഞ്ഞിയും.